Monday, 27 February 2012

അപ്പന്‍

അപ്പന്‍  കട്ടിലില്‍  നീണ്ടു നിവര്‍ന്നു കിടന്നുറക്കമാണ്. ജനല്‍  തുറന്നു  കിടക്കുന്നതുകൊണ്ട്   തണുത്ത   കാറ്റ്  മുറിയിലേക്കടിച്ചു   കയറി.  ജനലരുകില്‍  നിന്ന  മുല്ല  നിറയെ  പൂത്തിരുന്നു. കിണറ്റുകരയിലെ  കൊന്നയിലും  പൂക്കളുണ്ട്. അമ്മ  മരിച്ചൊഴിഞ്ഞ   കട്ടിലില്‍  ഞാന്‍  വെറുതെ  ചാഞ്ഞു  കിടന്നു. മറ്റന്നാള്‍  തിരിച്ചു  പോകേണ്ടതാണ്.  പത്തു  ദിവസത്തെ  അവധിക്കാണ്  കമ്പനിയില്‍   എഴുതികൊടുത്തത്.  ഇന്ന്  ഒന്‍പതു  ദിവസമായി. 
അമ്മയുടെ  മരണം  കഴിഞ്ഞു  പോകുമ്പോള്‍  ത്രേസ്യാക്കൊച്ചമ്മയുണ്ടായിരുന്നു  അപ്പന്  കൂട്ടായി.  കഴിഞ്ഞ  മാസം  അവര്  ഡല്‍ഹിക്ക് പോയി;  ഇളയ  മകളുടെ  പ്രസവ  ശുശ്രൂഷക്കായി. അപ്പന്റെ  കത്ത്  വന്നത്  ഒരു  ശനിയാഴ്ചയായിരുന്നു. രാത്രി  മുഴുവന്‍  അപ്പനെക്കുറിച്ചായിരുന്നു  ചിന്ത. ആറുമാസം  കട്ടിലില്‍  തളര്‍ന്നുകിടന്ന  അമ്മയുടെ  കാര്യങ്ങളൊക്കെ  നോക്കിയിരുന്നത്  അപ്പനായിരുന്നു.  ഞങ്ങള്‍  ആണ്മക്കള്‍  രണ്ടു  പേരും  കുടുംബമായി  നഗരത്തില്‍  തന്നെ  ആയിരുന്നു.  പെങ്ങന്മാരായ  സിസിലിയും  സലോമിയും  ഇടക്കൊക്കെ  വന്നു  പോകും.  ഒരു  നൂറു  കൂട്ടം  കാര്യങ്ങളാണവര്‍ക്ക്. അമ്മയുടെ  മരണ  അറിയിപ്പ്  കിട്ടിയപ്പോഴാണ്  ഞങ്ങള്‍  ഓടിപ്പിടഞ്ഞു  വന്നത്. അമ്മയുണ്ടായിരുന്നപ്പോള്‍ തളര്‍ന്നു  കിടപ്പാണെലും  അപ്പന്‍  തനിയെ  ആണെന്നൊരു  ബോധം  ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ശനിയാഴ്ച  വൈകീട്ട്  ഞാന്‍  ജോലി  കഴിഞ്ഞു  വന്നവഴി  വിന്‍സെന്റിന്റെ  വീട്ടില്‍  കയറി  വിവരം  പറഞ്ഞപ്പോള്‍  അവന്‍  പറഞ്ഞു 



 ‘ ഇച്ചായന്‍  പോയി  അപ്പനെ  ഇങ്ങു  കൊണ്ട്  വാ  നമ്മുടെ  കൂടെ  മാറി  മാറി  താമസിക്കട്ടെ .  വീടും സ്ഥലവും  നമുക്ക്  സൌകര്യംപോലെ  പിന്നീട്  വില്‍ക്കാം ” വല്ലാത്തൊരു  ഞെട്ടലാണത്   കേട്ടപ്പോള്‍  തോന്നിയത് വീട്  വില്‍ക്കാനോ?  അവന്‍  നഗരത്തില്‍  ഒരു  വീട്  വാങ്ങിയിട്ടുണ്ട്.
രാത്രി  അത്താഴം  കഴിച്ചു  കഴിയുമ്പോള്‍,  മക്കള്‍  അവരുടെ  മുറിയിലേക്ക്  പോയാല്‍,  ഞാനും  ആലീസും   ബാല്‍ക്കണിയിലെ  വെറും  നിലത്തു  വന്നു  കിടക്കും. നഗരത്തിലെ  ആകാശം  നോക്കി  കൊച്ചു  സന്തോഷങ്ങളും  വിഷമങ്ങളും  വേവലാതികളും  പരിഭവങ്ങളുമൊക്കെ  പങ്കു  വയ്ക്കുന്ന  ആ   നിമിഷങ്ങളില്‍ ആണ്   അപ്പനെക്കുറിച്ചു  പറഞ്ഞത്.  അവളും  വിന്സേന്റിനെ  അനുകൂലിക്കയാണ്  ചെയ്തത്. അങ്ങിനെയാണീ  വരവ്. അപ്പന്‍  തന്നോടൊപ്പം  വരുമെന്നതിന്  ഒരു  സംശയവും ഉണ്ടായിരുന്നില്ല  ഇവിടെ  വന്നു  കയറുന്നത്  വരെ. പക്ഷെ  ഒന്‍പതു  ദിവസം  കഴിഞ്ഞിട്ടും  അപ്പനോടാ  വിവരമൊന്നു   പറയാന്‍   പോലും  തനിക്കിത്  വരെ  കഴിഞ്ഞിട്ടില്ല  എന്നുമാത്രമല്ല  മറ്റന്നാള്‍  പോകും  വരെ  തനിക്കത്‌  പറയാന്‍  കഴിയുമെന്നും  തോന്നുന്നില്ല.
അപ്പന്‍  രാവിലെ  അഞ്ചു  മണിക്കുണരും.  പള്ളിയില്‍  നിന്നും  ഒഴുകിയെത്തുന്ന  പാട്ടിനൊപ്പം  അപ്പനും  പാടും 
“സ്വര്‍ഗസ്ഥനായ  പിതാവേ  നിന്‍ -
 നാമം  പൂജിതമാകണമേ
നിന്റെ  രാജ്യം  വരേണമേ ….
മുന്‍വശത്തെ  ക്രൂശിത  രൂപത്തിന്  മുന്നിലെത്തി  കുരിശു  വരച്ചു  അപ്പന്‍  അടുക്കളയിലേക്കു  കയറും.  ഒരു  കട്ടന്‍  കാപ്പിയുണ്ടാക്കി  കുടിച്ചിട്ട്, പ്രഭാത  കൃത്യങ്ങള്‍ക്ക്  ശേഷം ,  മൂന്നു  മുറിയും  അടുക്കളയും  ഇരുവശവും  വരാന്തയുമുള്ള  വീട്  മുഴുവന്‍  അടിച്ചു  വാരി  വൃത്തിയാക്കും.  പുലര്‍വെട്ടം  വീണലുടന്‍  മുറ്റവും  തൂത്തു  വൃത്തിയാക്കി  അപ്പന്‍  പറമ്പിലേക്ക് ഇറങ്ങും.   വെള്ളം  കോരി  പറമ്പ്  മുഴുവന്‍  നനയ്ക്കും.  ഈ  എന്പതു  സെന്റിന്റെ  പച്ചപ്പ്‌  മുഴുവന്‍  അപ്പന്റെ  അധ്വാനമാണ്. ഇടക്കെപ്പോഴോ  കോഴികളെ  കൂട്  തുറന്നു  പുറത്തു  വിട്ടു   അടുക്കളയില്‍  നിന്നും  ഒരു  പിടി  പഴംചോറ്  വാരി  മുറ്റത്തേക്കു നീട്ടിയെറിയും.  വക്ക്  പൊട്ടിയ  അലുമിനിയം  ചെരുവത്തില്‍  തവിടും   ഗോതമ്പ്  പൊടിയും  ചേര്‍ത്ത്  കുഴച്ചു  വച്ച്  കണ്ണന്‍  ചിരട്ടയില്‍  വെള്ളവുമെടുത്തു  വയ്ക്കും. പിന്നെയും  തൊടിയിലെക്കിറങ്ങും.  വെയിലുറക്കുന്നത്  വരെ  അപ്പന്‍  പറമ്പില്‍  തന്നെ  ആയിരിക്കും.  ഇടക്കെപ്പോഴോ  തന്നോട്  പറഞ്ഞു  
“നീ  ആ  നാണുവിന്റെ  ചായപീടികയില്‍  പോയി  ചായയും  പലഹാരവും  കഴിച്ചോ. അല്ലാതെ  ഇവിടിപ്പോ  ആരാ  എന്തെങ്കിലുമുണ്ടാക്കി  തരാന്‍  എനിക്ക്  രാവിലെ  പഴംകഞ്ഞിയാണ് പതിവ്  എനിക്കതാ  സുഖം’
ഞാന്‍  ചായക്കടയില്‍  പോയി  ചായ  കുടിയും  പത്ര  വായനയും  കഴിഞ്ഞു  പരിചയമുള്ളവരോടൊക്കെ  കുശലം  പറഞ്ഞിരിക്കുന്നതിനിടയില്‍  അപ്പന്‍  പാടത്ത്  പോയി  വരും  വഴി  മീനും  വാങ്ങി  വീട്ടിലേക്ക്‌  വരുമ്പോള്‍  ഞാനും  കൂടെ  പോന്നു. അപ്പന്‍  വന്നപാടെ  അടുക്കളയിലേക്കു കയറി  മന്കലത്തില്‍  അരി  കഴുകി  അടുപ്പത്തിട്ട്  മീന്‍  വെട്ടാനിരുന്നു.  ഞാന്‍  പ്രത്യേകിച്ചൊന്നും  ചെയ്യാതെ  അപ്പന്റെ  ജോലികള്‍  നോക്കിയിരുന്നു.  അപ്പന്‍  മുളക്  വറുത്തു  അരകല്ലില്‍  അരച്ച്  മീന്‍ കറിയുണ്ടാക്കുന്നത്  അതിശയത്തോടെയാണ്  ഞാന്‍  നോക്കിയത്. മീന്‍കറി അടുപ്പില്‍  വച്ചിട്ട്  അപ്പന്‍  മുറ്റത്തിനരുകില്‍  നില്‍ക്കുന്ന  വാഴയില്‍  നിന്നും  ഒരു  പടല  കായ  അടര്ത്തിയെടുത്തിട്ടു ആരോടുമല്ലാതെ  പറഞ്ഞു 
" ഉള്ളിയും  മുളകും  ചതച്ചിട്ട്  വെളിച്ചെണ്ണയില്‍   വറ്റിച്ചെടുത്താല്‍  നല്ലതാ ”  
 
ഉച്ചക്ക്  ഞങ്ങള്‍  രണ്ടുപേരും  ഒരുമിച്ചിരുന്നാണ്  ഊണ്  കഴിച്ചത്.  എനിക്കുള്ള  ആഹാരം  അപ്പന്‍  മേശപ്പുറത്താണ്  വച്ചത് . തറയിലിരുന്നാണ്  അപ്പന്‍  ഊണ്  കഴിച്ചത്.  ഇടക്കൊരു  പിടി  ചോറ്   മുറ്റത്തേക്കു  വീശിയെറിഞ്ഞു.  കോഴികളും  കാക്കകളും  അത്  മത്സരിച്ചു  കൊത്തിപ്പെറുക്കി . ഊണിനു  ശേഷം  ഞാന്‍  കോലായില്‍  വന്നു  കിടന്നു.  അപ്പന്‍  അടുക്കളയടച്ചു  മുന്‍വശത്തെ  മുറ്റത്തിനരുകിലെ  മാവിന്റെ  തണലിലിരുന്നു  ഓല  മടലുകള്‍  കീറി  ഉണക്കാനിട്ടു,  താഴെ  തൊടിയില്‍  പുല്ലരിയുന്ന  രാധേച്ചിയോടു  കുശലം  പറഞ്ഞു.   അവരുടെ  കൊച്ചു  മകന്  ചാമ്പക്ക  ഉലര്‍ത്തി കൊടുത്തും  ഓല പീപ്പിയുണ്ടാക്കി  കൊടുത്തും  പറമ്പാകെ  ചുറ്റി  നടന്നു.  ഇടക്കെപ്പോഴോ  പണി   കഴിഞ്ഞു  പോകുന്ന  അയ്യപ്പനോട്‌  വിളിച്ചു  പറയുന്ന   കേട്ടു 
‘ചക്ക  വിളഞ്ഞു  കിടക്കുന്നതോരെണ്ണം  ഇട്ടോണ്ട്  പൊയ്ക്കോട  വേണേല്‍  ഒരു  നാളികേരവും എടുത്തോ"
അപ്പന്  തന്നോടൊപ്പം  വരാന്‍   കഴിയുമോ? നാലാം  നിലയിലെ   ആ  കുടുസ്സു  മുറയില്‍  അപ്പന്‍  എങ്ങിനെ  കഴിയും? നാളിതു  വരെയുള്ള  സമ്പാദ്യവും  ഒരു  ലോണും  കൂടി  എടുത്താണ്   ആ  ഒരു  ഒറ്റമുറി ഫ്ലാറ്റ്   ഞങ്ങള്‍  വാങ്ങിയത് . ഇടക്ക്  എനിക്കാലീസിനോട്  വല്ലാതെ  സ്നേഹം  തോന്നുമ്പോള്‍,  മക്കള്‍  വളരുന്നു  എന്ന  അവളുടെ  എതിര്‍പ്പിനെ  മറികടക്കാന്‍,  ഇടക്കൊരു  ഇടഭിത്തി  കെട്ടി  തിരിച്ചിട്ടുള്ള;  പരിമിതികള്‍ മാത്രമുള്ള  ആ  വീട്ടില്‍  അപ്പന്‍ എങ്ങിനെ  കഴിയും?
വെയില്‍  മങ്ങിക്കഴിയുംപോള്‍  അപ്പന്‍  കിണറ്റു  കരയില്‍  നിന്നും  ഇഞ്ച  തേച്ചു  കുളിച്ചു  തുണികളൊക്കെ  കഴുകിയിട്ട്  വെള്ള  മുണ്ടും  ഷര്‍ട്ട്‌‍മെടുത്തിട്ടു  പുറത്തേക്കിറങ്ങും.    കുരിശു  പള്ളിയുടെ  മുന്നിലെത്തി  കുരിശു  വരച്ചു  അപ്പനാ ചായക്കടയിലേക്ക്  കയറിപ്പോകും.  ഇനി  ഒരു എട്ടു  മണിയെങ്കിലുമാകും  അപ്പന്‍  അവിടെ  നിന്നും  വരാന്‍. ഞാന്‍  ആ  സമയമൊക്കെ  കോലായില്‍  മലര്‍ന്നുകിടന്നു  ബാല്യ  കൌമാരങ്ങളെ  ഓര്‍ത്തും,  വര്‍ത്തമാന  ദുരിതങ്ങളില്‍  ഉഴറിയും,   ഭാവിയുടെ  വ്യാകുലതകളിലേക്കെത്തി  നോക്കിയും  ഇളം  കാറ്റിന്റെ  തലോടലേറ്റ് കഴിയും .
അപ്പന്‍  വന്നു  കഴിയുമ്പോള്‍  ഞങ്ങള്‍   രണ്ടുപേരും  ഒന്നിച്ചിരുന്നു  പ്രാര്‍ത്ഥിച്ചു . 53 മണി  ജപവും കഴിഞ്ഞു  എത്രയും  ദയയുള്ള  മാതാവേ  എന്ന  പ്രാര്‍ത്ഥനയും  കഴിയുമ്പോഴേക്കും  എന്റെ  കാല്‍ മുട്ടുകള്‍   നന്നായി  വേദനിക്കുന്നുണ്ടാകും.  ഞങ്ങളുടെ  വീട്ടിലാണേല്‍   ആഹാരത്തിനു  മുന്‍പുള്ള  കുരിശു  വരയും,  ഞായറാഴ്ചയിലെ  പള്ളിയില്‍ പോക്കുമല്ലാതെ ,   അതും  ആലീസിനു  ഡ്യൂട്ടി  ഇല്ലെങ്കില്‍  മാത്രം,  പ്രാര്‍ത്ഥനകള്‍  ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥന  കഴിഞ്ഞാലുടന്‍  അപ്പനും  ഞാനും   അത്താഴം  കഴിക്കനിരിക്കും.  ഉച്ചത്തെ  മിച്ചമാണ്  അത്താഴം കൂടെ നല്ല  ചൂടുള്ള  ജീരകവെള്ളവും . അത്താഴം  കഴിച്ചു  അടുക്കളയോതുക്കി   അപ്പന്‍  മുന്‍വശത്തെ  വരാന്തയിലൂടെ    നടക്കും.  ഞാന്‍  അരഭിത്തിയില്‍  ഇരുന്നു  നാട്ടുകര്യങ്ങളൊക്കെ  ചര്‍ച്ച  ചെയ്യും.  ഇടക്കെപ്പോഴോ  അപ്പനെഴുന്നേറ്റു  പോയി  പായ  തട്ടി  കുടഞ്ഞു  വിരിച്ചു  കിടന്നുറങ്ങും . വലിയ  മാറ്റങ്ങള്‍  ഒന്നുമില്ലാതെ ഈ  ചര്യകളിലൂടെ  ആണ്  ഇത്ര  ദിവസങ്ങള്‍  കടന്നു  പോയത് . അപ്പനും  തനിക്കുമായെടുത്ത  മടക്ക  ടിക്കറ്റ്‌  പെട്ടിയിലീരിക്കുന്നു. അപ്പന്റെ  അടുത്ത് പറഞ്ഞാലോ  എങ്ങിനെ  ആയിരിക്കും  അപ്പന്‍  പ്രതികരിക്ക.  ഞാന്‍ എഴുന്നേറ്റു  അപ്പന്റെ  കട്ടിലില്‍  ചെന്നിരുന്നു. 
“നീയെന്താ  ഉറങ്ങാത്തെ?”
“വെറുതെ  ഉറക്കം   വന്നില്ല  ഞാന്‍  മറ്റന്നാള്‍  തിരികെ  പോകും ” അപ്പോഴും  അപ്പനെ  കൊണ്ട്  പോകാനാണ്  ഞാന്‍  വന്നതെന്ന്  പറയാനുള്ള  ധൈര്യം  എനിക്കുണ്ടായില്ല . 
"ആലീസും  മക്കളും  തനിച്ചല്ലേ  അവിടെ  നിനക്കവധിയും  കുറവായിരിക്കുമല്ലോ.  ആ  കിണറ്റുകരയില്‍  ഒരേത്തക്കുല  നില്‍പ്പുണ്ട്  ആ  രാധയോടു  പറഞ്ഞാല്‍  വറുത്തു  തരും.  ഒരു  ചക്കയുമിട്ടു  വറുക്കാം  പിള്ളേരുള്ളതല്ലേ  അവിടെ? തേങ്ങ  വിളഞ്ഞത്  ഉണ്ട് ഒരു  എട്ടു  പത്തെണ്ണം  കൊണ്ടുപൊയ്ക്കോ.  ആ  അച്ചുതന്റെ   മില്ലില്‍  നിന്നും  മൂന്നാല്  കിലോ  വെളിച്ചെണ്ണ  മേടിച്ചോ.   ഞാന്‍  തേങ്ങ  കൊടുത്തോളാം . കൊണ്ട്  പോകാന്‍  ബുദ്ധിമുട്ടില്ലാച്ചാല്‍  ഒരു  പത്തു  കിലോ  കുത്തരിയും  കൊണ്ട്  പൊയ്ക്കോ.  ഞാന്‍  സ്റ്റേഷനില്‍  കൊണ്ട്  തരാം  അവിടെ  വിന്‍സെന്റിനോട്  വരാന്‍  പറഞ്ഞാല്‍  മതിയല്ലോ."

 വല്ലാത്തൊരു  സങ്കടം  ഉള്ളില്‍  തിക്ക്  മുട്ടുന്നതറിഞ്ഞു  ഞാന്‍  വെറുതെ  വിക്കി
"ഞാനപ്പനെ  ഒന്ന്  കാണാന്‍  വെറുതെ …….” വാക്കുകള്‍  ഇടമുറിഞ്ഞു  ഇരുട്ടില്‍  എന്റെ  കണ്ണുകള്‍  നിറയുന്നത്  ഞാന്‍  പോലും  അറിയുന്നുണ്ടായിരുന്നില്ല .
“ഇനി  അവധിക്കു   വരുമ്പോള്‍  എല്ലാവരും  ഒരുമിച്ചു  വരണം . നീ  പോയി  കിടന്നോ ”
ഞാന്‍  അമ്മച്ചിയുടെ  കട്ടിലില്‍  കിടന്നു  ജനാലയിലൂടെ  കണ്ട  ഒറ്റ  നക്ഷത്രത്തെ  നോക്കി  വിങ്ങിപ്പൊട്ടി . 



യാത്രാമൊഴി


കനലെരിയുമീ വഴിയിലെന്‍ കൈവിരല്‍ത്തുമ്പുനിന്‍
 കൈകളില്‍ നിന്നൂര്‍ന്നു പോകുമ്പോഴും
ഒരുവേളയൊന്നു പിന്തിരിഞ്ഞു നോക്കാനാവാതെ
കാതങ്ങളകലേക്ക് മറഞ്ഞു പോകുമ്പോഴും
നിന്റെ സ്മൃതിപഥത്തില്‍ നിന്നെന്നെ 
കുറിച്ചുള്ളൊരോര്‍മ്മതന്നവസാന- 
മണ്‍ചെ‍രാതുമണഞ്ഞു പോകുമ്പോഴും
നിന്നെ പൊതിയുമന്ധകാരം പോലുമെന്‍
സ്നേഹമെന്നറിയുമ്പോഴും,
കാതോര്‍ത്തിരിക്കണമെനിക്കൊരു പിന്‍വിളിക്കായി
പറയരുതെന്നോടു നീയൊരിക്കലുമൊരു യാത്രാമൊഴി
ഈ ജന്മത്തിലെന്നല്ല; വരും ജന്മങ്ങളിലും