Friday, 27 April 2012

സാന്ത്വനം


തിരിഞ്ഞും  മറിഞ്ഞും  കിടന്നു  മടുത്തു. ഉറക്കം  വരുന്നതേയില്ല  വല്ലാത്തൊരു  അസ്വസ്ഥത. എഴുന്നേറ്റു  ലൈറ്റിട്ടാലോ   ടി വി  ഓണ്‍  ചെയ്താലോ  ശ്രീകുട്ടി  ഉണരുo.  അവള്‍  ദേഷ്യപ്പെടുകയും  ചെയ്യും.  അവളെ  കുറ്റം  പറയാനും  പറ്റില്ല.  രാവിലെ  അഞ്ചുമണി  മുതല്‍  തുടങ്ങുന്ന  അവളുടെ  ഓട്ടം  തീരുന്നത്  രാത്രി  പന്ത്രണ്ടു  മണിക്കാണ്.  ക്ഷീണിച്ചാണ്  വന്നു  കിടക്കുക  കിടന്നപാടെ  ഉറങ്ങിപോവുകയും  ചെയ്യും. ഇപ്പോള്‍  തനിക്കവളോട്  അസൂയ  തോന്നുന്നു  ഇവളെപ്പോലെ  എല്ലാം  മറന്നുറങ്ങാന്‍  കഴിഞ്ഞെങ്കില്‍. രാവിലെ  അവള്‍  ചായയുമായി  വന്നപ്പോള്‍  പറഞ്ഞതാണ്  ഇന്ന്  ലീവെടുക്കാന്‍
“കൊച്ചു  കുട്ടിയാ  പവിയെട്ടന്‍  ഒരു  പനി വന്നപ്പോഴേക്കും  ഞാന്‍  എന്തിനാ  ലീവെടുത്ത്  വീട്ടിലിരിക്കുന്നത്?   മാര്‍ച്ച്‌  ആയതോണ്ട്  ഒത്തിരി  പണി  ഉണ്ട്.  അവധിയെടുത്താല്‍  നാളെ  ചെല്ലുമ്പോള്‍  ആ  പരട്ട  സേട്ടുവിന്റെ  മുഖം  കാണണം. മോള്‍ക്ക്‌   പനിയായപ്പോള്‍   രണ്ടു    ദിവസം   അവധിയെടുത്തതിന്റെ  ദേഷ്യം  ഇതുവരെ  തീര്‍ന്നിട്ടില്ല  അപ്പോഴാ”
ധൃതിയില്‍  അടുക്കളയിലേക്കൊടുന്ന  ശ്രീക്കുട്ടിയോടു  വല്ലാത്തൊരു  ദേഷ്യം  തോന്നിയെങ്കിലും  ഒന്നും  പറഞ്ഞില്ല.  പഴയത്  പോലെ  ഒന്നുമല്ല  അവളിപ്പോള്‍.  തന്നെക്കുറിച്ചവള്‍  തീരെ  ഓര്‍ക്കാറെയില്ല  എന്ന്  തോന്നാറുണ്ട്. രാവിലെ  അഞ്ചു  മണിക്കുണര്‍ന്നാല്‍  ഞങ്ങള്‍  നാല്  പേര്‍ക്കുള്ള  ടിഫിനും  ബ്രേക്ക്‌  ഫാസ്റ്റും    തയ്യാറാക്കി  ഒന്‍പതു  മണിക്ക്  ഓഫീസിലെത്താനുള്ള  തിടുക്കത്തില്‍  ഞാന്‍  അവളെ  ഒന്നും  സഹായിക്കാറില്ല  എന്നതാണ്  നേര്. തയ്യാറാകുന്ന  കുട്ടികളെ  സ്കൂളില്‍  കൊണ്ടാക്കുക  മാത്രമേ  ചെയ്യാറുള്ളു. അവളൊരിക്കലും  പരാതി  പറയാറില്ല, ബ്രേക്ക്‌ ഫാസ്റ്റ്  ഒരിക്കലും  ശ്രീക്കുട്ടി  കഴിക്കാറില്ല സമയം  കിട്ടാത്തതോണ്ടതൊരു  ശീലമാക്കിയിട്ടുണ്ട്  അവള്‍. അവള്‍  അവളുടേതായ ഒരു ലോകം ഉണ്ടാക്കിയെടുത്തപ്പോള്‍ ഞങ്ങള്‍ക്ക്  ഞങ്ങളുടേതായ ഒരു ലോകം അന്യമായിപ്പോയി.    
വൈകുന്നേരം  ജോലി കഴിഞ്ഞു വന്നാല്‍ നേരെ അടുക്കളയിലേക്കാണ് പോവുക.  അവള്‍  അടുക്കളയോതുക്കി,  മക്കളെ  പഠനത്തില്‍  സഹായിച്ചു കൊണ്ടിരിക്കുമ്പോഴാകും  ഞാന്‍  ജോലി  കഴിഞ്ഞു  വരിക.  ഡ്രസ്സ്‌  മാറി  മേല്   കഴുകി വരുമ്പോഴേക്കും  ചായയുമായി  അവളെത്തും.  ഞാന്‍ ചായ കുടിച്ചു വെറുതെ എന്തേലും വായിച്ചു കട്ടിലില്‍  കയറിക്കിടക്കും. കുട്ടികളുടെ പഠനം  കഴിയുമ്പോള്‍ അത്താഴത്തിനിരിക്കും. ഊണ്  മേശയിലാണ്   അത്യാവശ്യം  ചോദ്യങ്ങളും  ഉത്തരങ്ങളും  മക്കളുടെ   വിശേഷങ്ങളും  ഒക്കെ   പറയുക. മക്കള്‍  ഉറങ്ങാന്‍  പോവുകയും  ഞാന്‍  ടി  വി  ഓണ്‍  ചെയ്യുകയും  ചെയ്യുമ്പോള്‍  ശ്രീക്കുട്ടി   വീണ്ടും  അടുക്കളയിലേക്കു  കയറും. പാത്രങ്ങള്‍  വൃത്തിയാക്കി  പിറ്റെന്നത്തെക്കുള്ള  പച്ചക്കറികള്‍  ഒക്കെ  അരിഞ്ഞു  വയ്ക്കും.  തിരികെ  വന്നു  ടീവിയും  ലൈറ്റും  ഓഫാക്കി,  നിശബ്ദമായ  ഒരു  പ്രാര്‍ത്ഥനയോടെ  വന്നു  കിടക്കും.  അപ്പോള്‍ തന്നില്‍ ഒരു  ആഗ്രഹമുണരുകയും  അവളെ  തന്നോട്  ചേര്‍ത്തു  പിടിക്കാന്‍  ശ്രമിക്കുമ്പോള്‍  “പവിയെട്ടാ  പ്ലീസ് ’  എന്നൊരു   പൂരിപ്പിക്കാത്ത  എതിര്‍പ്പില്‍  തന്റെ  ആവേശമൊക്കെ  കെട്ടടങ്ങുകയും  ചെയ്യും. ആദ്യമൊക്കെ  അവളുടെ  എതിര്‍പ്പിനെ  വക  വയ്ക്കാതെ  അവളെ  ബലമായി കീഴ്പ്പെടുത്താന്‍  ശ്രമിച്ചിരുന്നു.  ആ  ബലപ്രയോഗവും  അവളുടെ  നിശബ്ദമായ  കീഴടങ്ങലും  എന്തോ  ഒരു ആദ്മനിന്ദയും  കുറ്റബോധവുമൊക്കെ  തോന്നി  എവിടെയോ  ഒരു  അകല്‍ച്ച  ഉണ്ടാകുന്നു  എന്ന്   തോന്നിയതോണ്ടാകാം അത് കൂടുതല്‍  തുടരാന്‍  കഴിഞ്ഞില്ല. ഞാനെന്റെ  ബാല്യത്തിന്റെ സുരക്ഷിതത്ത്വത്തിലേക്കും,  യവ്വുനത്തിന്റെ  ആവേശത്തിലേക്കും,  ഈ  മഹാനഗരത്തില്‍ വന്നുപെട്ടതിനെക്കുറിച്ചൊക്കെ  ഓര്‍ത്തു  അവസാനം  ശ്രീക്കുട്ടിയുമായി  ജീവിതം  തുടങ്ങിയ  ആ  നല്ല  ഓര്‍മ്മകളില്‍  എത്തി  നില്‍ക്കും.
ആ നാളുകളില്‍ ശ്രീക്കുട്ടി ഇങ്ങനെ  ഒന്നുമായിരുന്നില്ല. വിടര്‍ന്ന കണ്ണുകളില്‍ വിസ്മയവും  മനസ്സ്   നിറയെ സ്നേഹവുമായി ഒരുപാട് ലോലഭാവങ്ങളോടെ  തന്നില്‍ മാത്രം ഒതുങ്ങി നിന്നവള്‍. ഓമനിക്കാന്‍ തോന്നുന്ന ആ ഭാവങ്ങളൊക്കെ എവിടെയാണവള്‍ക്ക് നഷ്ട്ടമായത്? അന്നൊക്കെ താന്‍ ചെറുതായി ഒന്ന് ദേഷ്യപ്പെട്ടാല്‍ മതി പിന്നെ ദിവസം മുഴുവന്‍   കരച്ചിലാകും എല്ലാ കാര്യങ്ങളും വിട്ടു വീഴ്ച കൂടാതെ ചെയ്തു തീര്‍ക്കുമ്പോള്‍ കണ്ണൊക്കെ  ചുമപ്പിച്ചങ്ങിനെ ഒരു  പ്രതിഷേധം നിശ്ശബ്ദമായി കൊണ്ടുനടക്കും. രാത്രി ടി വി ഓഫാകി  ലൈറ്റും കെടുത്തി കഴിഞ്ഞിട്ടും കുറെ നേരം സോഫയില്‍ പോയിരിക്കും. പിന്നെ  നിശ്ശബ്ദയായി  വന്നു  കിടക്കുമ്പോള്‍  താനവളെ  വരിഞ്ഞു  മുറുക്കുമ്പോള്‍  പ്രണയം  കുറുകുന്ന  തേങ്ങലോടെ  തന്നിലേക്കലിഞ്ഞു  ചേരാറുള്ള  ആ  മധുരമായ  ഓര്‍മ്മകളില്‍  കണ്ണുകള്‍  അടഞ്ഞു  പോകും.
തനിക്കൊരു  പനി  വന്നാല്‍  ഓഫീസില്‍  നിന്നും  വരാനിത്തിരി  വൈകിയാല്‍  വിഷമിക്കുന്ന  ശ്രീക്കുട്ടി, രണ്ടു  കുട്ടികളുടെ  ജനനo,  അവരെ  വളര്‍ത്താനുള്ള  തിരക്കുകള്‍,  വീട്  വാങ്ങിയ  ശേഷമുള്ള  കടങ്ങള്‍  വീട്ടാനായി ഒരു  ജോലി  കൂടി  ആയപ്പോള്‍  ശ്രീക്കുട്ടി  പരിഭവിക്കാനും  സ്നേഹിക്കാനും  പ്രണയാര്‍ദ്രമായ്   തന്നെ  ഒന്ന്  നോക്കാന്‍  പോലും  മറന്നിരിക്കുന്നു.
ഇന്നലെ  തന്നെ  വളരെ  വൈകിയാണ്  ഓഫീസില്‍  നിന്നും  വന്നത്  നല്ല  തലവേദനയും  പനിയുമുണ്ടായിരുന്നു.  കയ്യും  മുഖവും  കഴുകി  വന്നപ്പോഴേക്കും  അവള്‍  ചായയുമായി  വന്നിരുന്നു.  ചായ  കുടിച്ചു ' ഭയങ്കര  തലവേദന' എന്ന്  പറഞ്ഞു  കയറിക്കിടക്കുമ്പോള്‍  ശ്രീക്കുട്ടി  അടുത്തു  വരുമെന്നും  നെറ്റിയില്‍  തൊട്ടു  നോക്കി  ‘പവിയെട്ട  നന്നായി   പനിക്കുന്നുണ്ടല്ലോ   ഒരു ഡോക്ടറെ  കാണാമായിരുന്നു  ഈ  ക്രോസിന്‍  കഴിക്കു ’ എനൊക്കെ  പറഞ്ഞു  പരിഭ്രമിക്കുമെന്നു  വിചാരിച്ചു . പക്ഷെ  അവള്‍  ആഹാരം  വിളമ്പി  മേശപ്പുറത്തു  വച്ചിട്ട്  ‘പവിയെട്ടാ  വന്നൂണ്    കഴിക്കു  ‘ എന്നൊരു  ആജ്ഞ  നല്‍കുകയാണ്  ചെയ്തത്. ദേഷ്യവും  വെറുപ്പും  ഒക്കെ  തോന്നിയെങ്കിലും  ‘എനിക്ക്  വേണ്ട ’ എന്നൊരു  ഒഴുക്കന്‍  മറുപടിക്ക്  ശേഷം  പുതപ്പെടുത്തു  തലവഴി  മൂടിക്കിടന്നു. ആഹാരം  തിരികെ  എടുത്തു  വയ്ക്കുമ്പോള്‍  അവള്‍  ദേഷ്യപ്പെട്ടു 
‘സുഖമില്ലേല്‍ ഒരു  ഡോക്ടറെ  കാണരുതോ  എല്ലാ  കാര്യങ്ങളും  പറഞ്ഞു  ചെയ്യിക്കാന്‍ പവിയെട്ടനെന്താ  കൊച്ചു  കുട്ടിയാണോ ’ എഴുന്നേറ്റു  ചെന്ന്  കരണത്ത്  രണ്ടു  പൊട്ടിക്കണമെന്നു  തോന്നിയെങ്കിലും  അടക്കി.  അവള്‍  പറഞ്ഞ  പോലെ  കുട്ടിയായിരുന്നെങ്കില്‍   എത്ര   നന്നായിരുന്നു  ചുക്കും  തുളസിയിലയും  കുരുമുളകുമിട്ടു  തിളപ്പിച്ച  കാപ്പിയുമായി  അമ്മ  ഇടയ്ക്കിടെ  ഓടി  വരും  ചുട്ടു  പൊള്ളുന്ന  നെറ്റിയില്‍  അമ്മയുടെ  സ്നേഹത്തിന്റെ  നനുത്ത  ഉമ്മകള്‍ .  മുടിയിഴകളില്‍  വിരലോടിച്ചു  കൊണ്ട്  അമ്മ  അടുത്തിരിക്കുമ്പോള്‍  കണ്ണടച്ച്  കിടന്നാലും  അമ്മയുടെ  വേപഥ  പൂണ്ട  മുഖം  കാണാനാകും  മനസ്സില്‍.  പനി  ഇത്തിരി  കുറയുമ്പോള്‍  നല്ല  ചൂടുള്ള  പൊടിയരിക്കഞ്ഞിയും  ചമ്മന്തിയും  കനലില്‍  ചുട്ടെടുത്ത  പപ്പടവും  ചേര്‍ത്തു  കഴിപ്പിക്കുമ്പോള്‍  എത്ര  ആശ്വാസമായിരുന്നു . താനുറങ്ങുന്നത്  വരെ  അമ്മ  കാത്തിരിക്കും  പുതപ്പെടുത്തു  പുതപ്പിച്ചിട്ടു  തന്റെ  മുഖത്തു  തന്നെ  നോക്കിയിരിക്കും  അമ്മ. 'എന്റെ  കാവിലമ്മേ  എന്റെ  കുട്ടിക്ക്  വേഗം  സുഖാവനെ ’ എന്നൊരു  പ്രാര്‍ത്ഥനയോടെ  തന്നോട്  ചേര്‍ന്നുകിടക്കുന്ന  അമ്മ. ഇടക്കുണര്‍ന്നു  കട്ടന്കാപ്പിയുണ്ടാകി  തരുന്ന  അമ്മയുടെ  ഓര്‍മ്മകളില്‍  മയങ്ങി പോയതോണ്ടാകും  സ്വപ്നത്തിലും  ബാല്യവും  സ്നേഹത്തിന്റെ  നിറങ്ങളും  അമ്മയുടെ  സ്നേഹവും  മാത്രമായിരുന്നു  ആ  ഒരു  മധുരം  ഓര്‍മ്മയിലുള്ളതോണ്ടാകാം  ശ്രീക്കുട്ടിയോടു  ലീവെടുക്കാന്‍  പറഞ്ഞത്. മറുപടി  തന്നെ  തളര്‍ത്തുന്ന  പോലെ  തോന്നി. ഒന്ന്  ഞാനിപ്പോള്‍  തിരിച്ചറിയുന്നു  എനിക്കിപ്പോള്‍  ശ്രീക്കുട്ടിടെ  മേല്‍  അധികാരങ്ങളൊന്നുമില്ല  മുട്ടിയുരുമ്മി  കിടക്കുമ്പോഴും  അവളെ  ഒന്ന്  ചേര്‍ത്തു  പിടിക്കാനുള്ള  സ്വാതന്ത്ര്യം  തനിക്കില്ല  എന്നൊരു  വേവലാതിയോടെ  ഞാന്‍  അവളെ  നോക്കി. അവള്‍  ശാന്തമായി  ഉറങ്ങുന്നു  അല്‍പ്പം  വിടര്‍ന്ന  ചുണ്ടുകള്‍  ചലിക്കുന  ഇമകള്‍  നെറ്റിയിലേക്ക്  വീണു  കിടക്കുന്ന  മുടിയിഴകള്‍  മാടിയൊതുക്കി  നനുത്ത  കണ്പോളകളിലുമ്മ  വച്ചു നെഞ്ചോട്‌  ചേര്‍ത്തു പിടിക്കണമെന്ന  തോന്നല്‍  അസഹ്യമാവുകയാണ്. പനി  പെട്ടെന്ന്  കൂടിയപോലെ  ശ്വാസം  മുട്ടുന്നത്  പോലെ  ഒക്കെ  തോന്നിയപ്പോള്‍  എഴുന്നേറ്റു  ലൈറ്റിട്ടതും  ശ്രീക്കുട്ടി  ഉണര്‍ന്ന.‘എന്താ  പവിയെട്ടാ  സുഖമില്ലേ?’
“ഒന്നുമില്ല  ഉറക്കം  വരുന്നില്ല ” അങ്ങിനെ  പറയാനാണ്  തോന്നിയത് .
‘പകല്  മുഴുവന്‍  കിടന്നു  ഉറക്കമല്ലാരുന്നോ   പിന്നെങ്ങിനെ  ഉറക്കം  വരും  ആ  കുട്ടികളെ  ഉണര്‍ത്താതെ  ലൈറ്റ് കെടുത്തി  കിടക്കാന്‍  നോക്ക് ” ഉറക്കം  നഷ്ട്ടപ്പെട്ടത്തിന്റെ  ദേഷ്യത്തോടെ  ശ്രീക്കുട്ടി  പറഞ്ഞു.
വല്ലാത്തൊരു  നീറ്റല്‍ വേദന ഒക്കെ തോന്നി . ചില  നേരങ്ങളില്‍    മനുഷ്യന്‍  എത്ര  നിസ്സഹായനാണ്   എന്നോര്‍ത്തപ്പോള്‍  കണ്ണുകള്‍  നിറഞ്ഞു  വന്നു. അമ്മയുടെ  മുഖമാണപ്പോള്‍  ഓര്‍മ്മ  വന്നത്.  എനിക്കുടനെ  അമ്മയെ  കാണണമെന്ന്  തോന്നി. അലമാരയുടെ  മുകളില്‍  നിന്നും  ബ്രീഫ്കെസു    എടുത്തു  തുറന്നു  രണ്ടു  മൂന്ന്  ജോഡി  ഡ്രസ്സ്‌  എടുത്തു  വച്ചു. ഒട്ടൊരു അതിശയത്തോടെ  ശ്രീക്കുട്ടി  എഴുന്നേറ്റു  വന്നു
‘പവിയെട്ടനെങ്ങോട്ടാ  ഈ  രാത്രിയില്‍ ?’
"ഞാന്‍  രാവിലെ  ഒന്ന്  വീട്  വരെ  പോകുന്നു  അമ്മയെ  ഒന്ന്  കാണണം ” വല്ലാതെ  നനഞ്ഞു  നേര്‍ത്തു  പോയിരുന്നു  തന്റെ  ശബ്ദം. പെട്ടെന്ന്  ലൈറ്റ്  കെടുത്തി  കട്ടിലില്‍  കയറിക്കിടക്കുമ്പോള്‍  തോന്നി  ശ്രീക്കുട്ടി യിപ്പോള്‍  തന്നെ  ചേര്‍ത്തു  പിടിക്കുമെന്നും,  അലിവാര്‍ന്നൊരു  ചുമ്പനം  നെറുകയില്‍  തരുമെന്നും  അപ്പോള്‍  ചൂടുള്ളൊരു മിഴിനീര്‍ക്കണം  തന്റെ  മുടിയിഴയില്‍  വീണു   ചിതറുമെന്നും  ആ  മാറില്‍  മുഖം  ചേര്‍ത്തു  വെറുതെ  കുറെ  കരയണമെന്നും  ഒക്കെ.

No comments:

Post a Comment